പാലാ: രണ്ടു തവണ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ 50 വയസുകാരന് റോഡ് അപകടത്തിലൂടെ ഗുരുതരാവസ്ഥയിലായപ്പോള്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് മാര്‍സ്ലീവാ മെഡിസിറ്റി. അപകടത്തില്‍ തുടയെല്ല് നാല് കഷണങ്ങളായി ഒടിഞ്ഞ പന്തളം സ്വദേശിയായ 50കാരനെയാണ് മാര്‍സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി, ഓര്‍ത്തോപീഡിക്സ്, അനസ്തേഷ്യ വിഭാഗങ്ങളുടെ മികവില്‍ വീണ്ടും സാധാരണ നിലയിലേക്ക് എത്തിച്ചത്. മറ്റൊരു ആശുപത്രിയില്‍ രണ്ടു തവണ വൃക്കമാറ്റിവയ്ക്കലിനു വിധേയനാക്കപ്പെട്ട ഇദ്ദേഹം ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്തുവരികയായിരുന്നു.
ഇതിനിടെയാണ് സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ തുടയെല്ല് തകര്‍ന്നത്. രോഗിക്ക് രക്തം സ്വീകരിക്കുന്നതിന് തടസമുള്ളതിനാല്‍ ഇവര്‍ തുടയെല്ലിന്റെ ശസ്ത്രകിയയ്ക്കായി വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് മാര്‍ സ്ലീവാ മെഡിസിറ്റിയെ സമീപിച്ചത്. വൃക്കരോഗത്തിനും തുടയെല്ലിലെ വിവിധ ഒടിവുകള്‍ക്കും പുറമെ ഗുരുതര പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ ടെന്‍ഷനും ഹീമോഗ്ലോബിന്റെ കുറവും രോഗിക്ക് ഉണ്ടായിരുന്നു.
ഇതിനാല്‍ രോഗിയെ ശസ്ത്രകിയ നടത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു. 4.5 എന്ന വളരെ താഴ്ന്ന നിലയിലായിരുന്നു ഹീമോഗ്ലോബിന്റെ അളവ്. നെഫ്രോളജി വിഭാഗം മേധാവിയും ട്രാന്‍സ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രന്, കണ്‍സള്‍ട്ടന്റ് ഡോ. തരുണ്‍ ലോറന്‍സ്, ഓര്‍ത്തോപീഡിക്സ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോസഫ് ജെ. പുല്ലാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക്
ചികിത്സ ഒരുക്കിയത്. നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ രോഗിക്ക് ഡയാലിസിസ് നടത്തുകയും ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും ചെയ്തു. ഡോ. ജോസഫ് ജെ. പുല്ലാട്ടിന്റെ നേതൃത്വത്തില്‍ തുടയെല്ല് പുറത്തുനിന്നു കമ്പിയിട്ട് ഉറപ്പിക്കുന്ന ശസ്ത്രക്രിയ ആദ്യം നടത്തി.
രക്തം മാറ്റി സ്വീകരിക്കാന്‍ രോഗിക്ക് സാധിക്കാത്തതിനാല്‍ ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്തി കൊണ്ടുവന്നശേഷം അകത്ത് കമ്പിയിട്ട് തുടയെല്ല് ഉറപ്പിക്കുന്ന രണ്ടാമത്തെ സങ്കീര്‍ണമായ ശസ്ത്രക്രിയയും ഒരു മാസത്തിനുള്ളില്‍ നടത്തി.
അനസ്തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ലിബി ജെ. പാപ്പച്ചന്, കണ്‍സള്‍ട്ടന്റും ട്രാന്‍സ്പ്ലാന്റ് അനസ്തെറ്റിസ്റ്റുമായ ഡോ. ജയിംസ് സിറിയക്, കണ്‍സള്‍ട്ടന്റ് ഡോ. ശിവാനി ബക്ഷി എന്നിവരും മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയുടെ ഭാഗമായി. സുഖം പ്രാപിച്ച രോഗി ആശുപത്രിയില്‍നിന്നു വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.